ഇരിക്കൂർ: നിലാമുറ്റം മഖാം മസ്ജിദിന് സമീപത്തെ കുന്നിൻ മുകളിൽ വൻ തീപിടുത്തം. ഇന്നലെ ഉച്ചയോടെ കാറ്റും കനത്ത ചൂടും കാരണം തീ ആളിപ്പടരുകയായിരുന്നു. 10 ഏക്കറോളം വരുന്ന പ്രദേശത്തെ കാടിനാണ് തീപിടിച്ചത്.
കുന്നിന് മുകളിലെ കെ.ടി. നസീറിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിനും തീപിടിച്ചു. 100 ഓളം റബർമരങ്ങളും രണ്ട് ക്വിന്റലോ ഒട്ടുപാലും കത്തിനശിച്ചു. എ.സി. റഹീമിന്റെ വീടിന് മുൻവശത്തെ തെങ്ങുകൾക്കും തീപ്പിടിച്ചു. നിരവധി പക്ഷികളും ഇഴജന്തുകളും ചത്തു.
മട്ടന്നൂരിൽ നിന്നും ഇരിട്ടിയിൽ നിന്നും വന്ന മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനയും നാട്ടുകാരും പോലീസും അഞ്ച് മണിക്കൂറിലേറെ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അതിവേഗം തീ ആളിപ്പടർന്നത് ഏട്ടക്കയം, അമ്പായത്തടം മേഖലയെ ഭീതിയിലാഴ്ത്തിയെങ്കിലും അഗ്നിരക്ഷാസേനയുടെ സംയോചിതമായ ഇടപെടലിനെ തുടർന്നാണ് തീ നിയന്ത്രണ വിധയമാക്കാൻ കഴിഞ്ഞത്. സംഭവമറിഞ്ഞ് ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുഹമ്മദ്, രാഷ്ട്രീയപാർട്ടിനേതാക്കൾ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാസേന മട്ടന്നൂർ യൂണിറ്റിലെ ഷാജിമോൻ, ഷിജിൽ, എ.പി. ജാഫർ, രജിത്ത്, ശ്രീനാഥ്, ഷബീർ അലി, സുനിൽകുമാർ, സതീശൻ, ജയപ്രകാശ് ഇരിട്ടി യൂണിറ്റിലെ അശോകൻ, ആശിഖ്,രമേശൻ എന്നിവരാണ് തീയണച്ചത്.